Sunday, February 28, 2016

വാക്കുകൾ എന്റെ
 രക്തം ചീറ്റിയാലും
നോവേൽക്കുകില്ല..
മൗനം കൊണ്ട്
മുറിയുമെൻ ഉള്ളം..
മൗനം കൊണ്ട്
നോവുമീ ഹൃദയം
കൊതിപിച്ച് കൊതിപിച്ചൊരുനാൾ
ഒടുവിൽ തിര കടലിലേക്കിറങ്ങി
കാത്തിരിപ്പിനും വേണ്ടേ
ഒരന്ത്യം..
അടര്ന്നു തുടങ്ങുമ്പോൾ
അറിയാം..
മുറിച്ചുമാറ്റപെട്ടവന്റെ
നോവുകൾ..
പണ്ടൊരു കാടുണ്ടായിരുന്നു
കാട്ടിലൊരൊറ്റ മരവും ..
ഇന്ന് കാട്‌ മാഞ്ഞു..
ഒറ്റമരമുണ്ടൊറ്റയ്ക്കിരിപ്പു ..

Friday, February 26, 2016

അവൻ അവളെ തന്നെ തുറിച്ച് നോക്കി.. കൗതുകം തോന്നി.. അവളെക്കാൾ നീളമുണ്ടായിരുന്നു അടുത്തുണ്ടായിരുന്ന തൊട്ടാവാടി ചെടിക്ക്.. അവൾ അവനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.. ഉടലിനേക്കാൾ വലിയ തലയും പുറത്തുള്ള കൂനും അവളിലും അത്ഭുതം വിടർത്തി..  മുന്നിൽ വന്നു നിന്ന ബസ്സിന്റെ ചില്ലിൽ അവൻ അവനെയും അവൾ അവളെയും കണ്ടു.. എന്നിട്ട് പരസ്പരം ഒന്ന് നൊക്കി...പുഞ്ചിരിച്ചു... ആ മുഖങ്ങളിൽ കൗതുകമോ അത്ഭുതമോ ഭയമോ പരിഹാസമോ അല്ലായിരുന്നു.. തിരിച്ചറിവിന്റെ..സ്നേഹത്തിന്റെ ഇളം പുഞ്ചിരി മാത്രം
അവിടെ ചെല്ലുമ്പോൾ
കയ്യിലുണ്ടായിരുന്നു..
ഞാൻ മുറുകേ പിടിച്ചിരുന്നു..
തലോടിയില്ല..ഞെരുക്കിയുമില്ല.
തിരികേ നടക്കുമ്പോഴാണറിഞ്ഞത്
കളഞ്ഞുപോയ്..കളഞ്ഞിട്ട് പോയ്..

കളഞ്ഞുപോയ സുഹൃത്തേ
അറിയുക ഞാൻ
നിന്നെയിനി തേടുകില്ല..
കളഞ്ഞെന്നെ ഇട്ടോടിയ
ഓർമ്മമരങ്ങൾക്ക് കീഴിലായ്
കാത്തിരിപ്പുണ്ട്..
കളഞ്ഞുപോയ സുഹൃത്തേ
മടങ്ങുക..

ഒരു പുഞ്ചിരി
പോലും ചോദിച്ചു വാങ്ങുകില്ലിനി..
ഒരു കണ്ണീരും നിന്നിൽ
ചമയ്ക്കുകില്ല..
കളഞ്ഞുപോയ സുഹൃത്തേ
മടങ്ങുക..

നാം എന്ന് ചൊല്ലുകില്ല..
നമ്മളായ് നിൽക്കേണ്ടതില്ല..
നോക്കുകില്ല..മിണ്ടുകില്ല
പുഞ്ചിരിപൂക്കൾ എറിയുകില്ല..
ഇങ്ങനെയെങ്കിൽ നീ മടങ്ങേണ്ടതില്ല..
ചൊല്ലാതെ വയ്യെൻ സുഹൃത്തേ..
ഉടനേ മടങ്ങുക..

Wednesday, February 24, 2016

"അവരൊക്കെ വലിയ ആൾക്കാർ അല്ലെ.." നേരിയ വേദനയും നിരാശയും ഒക്കെ നിറയാറുണ്ട് മനസ്സിൽ.. അന്നും അത് പറഞ്ഞപ്പോൾ അവനെന്നെയും കൂട്ടി  ബിൾഡ്ഡിങ്ങിന്റെ മുകളിലേക്ക് പോയി.   എന്നിട്ട് താഴെ  എന്തോ ചൂണ്ടികാട്ടി.. കുഞ്ഞുമനുഷ്യർ ഉരുമ്പുകളെപോലെ നീങ്ങുന്നു.. "ഇതിലും ചെറുതാക്കണോ അവരെ?നമുക്ക് ടെറസ്സിൽ പോകാം.."
"അതാണ് അവളുടെ ലോകം.. അവൾ നടത്തിയ ഏറ്റവും വലിയ ചർച്ച കറിക്ക് ഉപ്പ് പോരാത്തതിന്റെയും, വെള്ളം തീർന്നുപോയതിന്റെയും ആയിരിക്കാം" മേലുദ്യോഗസ്ത ഭാര്യയെ പറ്റി ചോദിച്ചപ്പോൾ അയാൾടെ മറുപടി ഇതായിരുന്നു..

"ഒന്ന് കരയാതിരിക്കൂ സുമേ.." കണ്ണ് നിറഞ്ഞ് വരുമ്പോഴും സുമയുടെ ശബ്ദം പിന്നെ പുറത്ത് വന്നില്ല..  അയാൾ അവിടെ കാത്ത് നിന്നു.. കുറേ കുടുംബങ്ങളുടെ സമാഗമം ആയിരുന്നു ആ മുറി.. പക്ഷെ അകത്തേക്ക് പോകുന്ന ഒരോ സ്ത്രീയും കരഞ്ഞുകൊണ്ടാണ് പോകുന്നത്..ചിലപ്പോൾ നിലവിളിച്ച്കൊണ്ട്.. "പെണ്ണല്ലേ" എന്നതായിരുന്നു അയാൾടെ ഭാവം.. പക്ഷെ അയാളെ ഞെട്ടിച്ചത് വേദന സഹിക്കവയ്യാതെ നിലവിളിച്ച് തന്റെ മുന്നിലൂടെ കടന്ന് പോയ ഒരു സ്ത്രീ ആയിരുന്നു... ഒരു മാസം മുൻപ് വരെ 15 ആണുങ്ങളെ അടക്കി ഭരിവച്ച ഒരു സ്ത്രീ... "സുമ...അവൾ മാത്രം" അപ്പോഴെക്കും കയ്യിലൊരു കുഞ്ഞ് പൊതിയുമായ് ഒരു മാലാഘ മുന്നിൽ വന്ന് നിന്ന് തനിക്കു നേരെ നീട്ടി.."സുമ?"
കുത്തിവരയാവുന്ന
കീറി എടുക്കാവുന്ന
പുസ്തകപേജാണു
ഞാൻ..
അതിലുള്ളൊരൊറ്റ വരി
കവിതയാണു നീ..

Tuesday, February 23, 2016

പാതി തുറന്ന വാതിൽ
കണ്ട് പുഞ്ചിരിക്കുമ്പോഴാണറിഞ്ഞത്
മറു പാതിയായിരുന്നു
എനിക്കകതേക്കുള്ള വഴി..
മുനയൊടിഞ്ഞിന്നെന്റെ
കുറ്റിപ്പെൻസ്സിലിന്റെ
നിന്റെ ചുവരിലൊന്ന്
മുട്ടിയപ്പോഴേക്കും..
ഇനിയെന്റെ പുസ്തകത്തിൽ
എങ്ങിനെ ഞാൻ
ജീവിതം വരയ്ക്കും..?
നീയില്ലായ്മയും
കവിതയില്ലായ്മയും
ഒന്നു തന്നെ..
എന്താണു ഞാനെന്നതിൻ
ഉത്തരമില്ലായ്മ..
ഒരുതരം ഞാൻ ഇല്ലായ്മ..
പൂക്കാൻ മറന്നതല്ല..
ഈ വസന്തം ഞാൻ
വിട്ടുകൊടുത്തതാണ്!
എന്റെ ഗന്ധം ഏറിപ്പോയെന്ന
പരാതിയില്ലീക്കുറി
കേൾക്കാൻ..
എന്റെ വസന്തം ഞാൻ
വിട്ടുകൊടുത്തതാണ്..
പൂത്തുലയട്ടെ..
വായുവിൽ ലയിക്കട്ടെ..
പരാതിയില്ലെനിക്ക്..
പരിഭവങ്ങളില്ല..
കാറ്റ് എന്തേപൂകാത്തെന്നാരായും വരെ
ദുഖവും ഇല്ല..
വിട്ടുകൊടുത്തതാണെന്റെ
വസന്തം ഞാൻ..


പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു അവർ.." മോളേ..നമ്മളിനി ഒന്നാണ് ജാതിയില്ലാ..മതമില്ല.. ആകാശമാണ് നമ്മുടെ ദൈവം..കഴിക്കുന്ന ഭക്ഷണമാണ് മതം..നമുക്കുള്ള ജാതി ഇനി ജലമാണ്..",അടുക്കളയിൽ ജോലി തിരക്കിലായിരുന്ന വേലക്കാരി ജാനു അപ്പോൾ വിളിച്ച് പറഞ്ഞു.."കുഞ്ഞളേ ജാതി തീർന്നു..ഇനി അപ്പൊ നമ്മളെങ്ങനെ മതമുണ്ടാക്കും??"

Monday, February 22, 2016

നീ നനയാതിരിക്കാൻ
പെയ്യാതെ പെയ്യാതെ
സൂക്ഷിച്ച മഴയ്ക്കിന്ന്
ഇറ്റിറ്റ് വീഴാൻ
നിന്റെ മുടിയിഴകൾ
മാത്രമേ ഉള്ളു
സഖീ..

Sunday, February 21, 2016

"I want a very big grave.. A deeper one"she choked and paused.. They all looked at each other and then to her weak face.."coz I have tons of dreams that grew in me and must die in me..." Her eyes searched for someone in that crowd and at last closed..when his was found

Friday, February 19, 2016

എങ്ങിനെ കവിതകളെഴുതും ?
ഒന്നും ചെയ്യേണ്ടതില്ല ..
ആരോ ശപിച്ചു വിടുന്ന
വാക്കുകളാണു  കവിതകൾ..
അത് വരും.. നമുക്കരികെ 
ചന്ദനത്തിരി ഒഴുകുന്ന കാറ്റ്
സ്വർഗ്ഗാരോഹണം ചൊല്ലുന്ന രാമായണം
വിളക്കിന്റെ അരികിലെ വാഴയില ..
ഞാനുറപ്പിച്ചു ..അതുതന്നെ..
എനിക്കെന്നെ കാണാൻ കഴിഞ്ഞതതു കൊണ്ട് തന്നെ..


മനസ്സിന് തീപിടിച്ചാൽ
എഴുത്ത് നിറയും ..
എഴുത്തിനു തീപിടിച്ചാൽ
വെളിച്ചം ചൊരിയും ..
എന്നിട്ടൊരുനാൾ വെറും ചാരമായ്..
ഓട്ട കൈ പോലൊരോട്ട
ഹൃദയം..
ഓട്ട നാക്കും പിന്നെയൊരൊറ്റ
കണ്ണും...
എനിക്കായ് ഞാൻ വരച്ച
ഞാനാണ് ഞാൻ 
കായ്ക്കുള്ളിൽ നിന്നടരാൻ
മടിക്കുന്ന കുന്നിക്കുരുകളിൽ
ഒന്നാണ് ഞാനും ..
പുറം ലോകമിന്നും
എനിക്ക് ഒരു കാഴ്ച മാത്രം ..
എന്റെ കണ്ണുകളുണ്ടോ അറിയുന്നു
ജലം അമൂല്യമെന്ന്
അത് പാഴാക്കരുതെന്ന് ..
പഠിപ്പും വിവരവും ഇല്ലതിനു .. 

ഷിഫ്റ്റ്‌

റോഡ്‌ മുറിച്ച് കടക്കാൻ നിന്നപ്പോൾ സിഗ്നലുകൾ കണ്ണില പെട്ട്..ചുവപ്പും പച്ചയും ഓറഞ്ചും...മാറി മാറി  നൈറ്റ് ഷിഫ്റ്റ്‌ ഇനി വയ്യെന്ന് എഴുതി കൊടുത്ത് ഞാൻ വന്നപോലെ ഇവരിലൊരാൾ ചെയ്താലോ? ആരായിരിക്കും അത് ചെയ്യേണ്ടത്? എല്ലാവര്ര്കും എന്നും മുടക്കം പറയുന്ന ചുവപ്പോ..മതി ചുവപ്പ് മതി.. അന്നേരം ചുവപ്പെന്നെ നോക്കി പുഞ്ചിരിച്ചു..വണ്ടികളോരോന്നായ് നില്ക്കാൻ തുടങ്ങി ... ചുവപ്പിനെ നോക്കി പുഞ്ചിരിച്ച് ഞാൻ കടന്നു. മുടക്കം പറയുമെങ്കിലും  ഒരു ഉപകാരത്തിനു എത്താറുണ്ട്..അവനങ്ങിനെ ഇട്ടിട്ട് പോകാൻ കഴിയില്ലല്ലോ..
മുറിച്ചു കടക്കാൻ പറ്റാത്ത
മുള്ളുവേലിയാണ് നീ 
 കൂർത്ത മുള്ള്ത്തി കൊണ്ടുള്ള
വലയത്തിലാണ് ഞാൻ . 
A slip of tongue
Can make one
Slip from life
എന്റേതല്ലാതായ്  അകലുന്നതോന്നും
എന്റേതല്ലായിരുന്നെങ്കിൽ..... 

കുറ്റവാളി

ഞാൻ തന്നെ!!!
പക്ഷെ തൂക്കിലേറ്റും മുൻപ്പൊരു
ചോദ്യം ..ചുമയ്ക്കപെട്ട കുറ്റമെന്തെന്ന്
അറിഞ്ഞോട്ടെ ഞാൻ..

ഞാൻ തന്നെ !!!
കല്ലറയെത്തും മുൻപ്പെങ്കിലും
അറിയണമെനിക്ക്
മരണം വിതയ്ക്കാൻ
എന്തിന്ന് കാരണം...?

ഞാൻ തന്നെ!!
ആരും കേൾക്കാതെ
പറയട്ടെ ഒരു സത്യം..
ഞാൻ അല്ല..!!
ഞാൻ പോലും ഇന്ന്
ഞാനല്ല..

നീ ഞാനെന്ന് കരുതി വെറുതെ
ഇന്ന്  ഞാനൊരു കൊടും
 കുറ്റവാളി
ഞാൻ പോലും ഇന്ന്
ഞാനല്ല..!!
വെറുമൊരു കുറ്റവാളി !!!

Thursday, February 18, 2016

 കൂടെ കളിക്കുമ്പോൾ കുട്ടി ഡോക്ടർ എന്റെ കൈപിടിച്ച് പൾസ്സ് നോക്കി.. "അച്ഛാ" ഞാനപ്പോൾ കണ്ടത് മറ്റൊരു മുഖമാണ്..അച്ഛൻ വരുന്നതും കാത്തിരികുന്ന മറ്റൊരു കുഞ്ഞിന്റെ..എനിക്കറിയാം..ആ അച്ഛനെനി ഒരിക്കലും..
എന്റെ കൈപിടിച്ച് മകൾ തുടർന്നു..പൾസ്സില്ലല്ലോ.. ശരിയാണ്.. രക്തത്തിൽ കുളിച്ച് വഴിയിൽ കിടന്ന് പിടയുന്ന മനുഷ്യനെ തിരിഞ്ഞൊന്ന് നോക്കാതെ മകളുടെ അടുത്തെത്താൻ ഞാൻ ഓടിയപ്പോൾ ഞാൻ സ്വയം മരിക്കുകയായിരുന്നു..ഞാൻ കേട്ടു..അച്ഛാ എന്ന നിലവിളി.
“കവിയുടെ യഥാർത്ഥധർമ്മമെന്തെന്ന്
എനിക്കറിയില്ല;അറിയണമെന്ന് ആഗ്രഹവുമില്ല.
എന്നെ കവിയെന്ന് വിളിക്കാതിരിക്കൂ!
എന്തെന്നാൽ, ഞാൻ പാപത്തിന്റെ
വിത്തുകളാണ് വിതയ്ക്കുന്നത്.“ - ചങ്ങമ്പുഴ.
കടലിലേക്കയാൾ നടക്കുമ്പോൾ  എന്തിനാണെന്ന് അറിയാതെ അല്ല.. തടഞ്ഞില്ല ..സൂര്യൻ കടലിലേക്ക് താഴുന്നത് രാത്രിക്ക് വഴിമാറി കൊടുക്കാനാണ്. .താനില്ലെങ്കിലും ലോകാവസാനം ആകില്ലെന്ന തിരിച്ചറിവിൽ ...പെട്ടന്നാണ് ഓർത്തത് ..സൂര്യനുദിച്ചിലെങ്കിൽ.... പകലുകളില്ല
പൊന്ന്  കൊണ്ട് തീർത്ത
ചിറകുണ്ടെനിക്ക് ..

 ഈ മനസ്സ് എന്നത്
ദുഖിക്കാനും കവിത എഴുതാനും
മാത്രമുള്ളതാണൊ ?
കാശില്ലാത്ത സൗഹൃ ദങ്ങൾ
ചിത്രശലഭങ്ങളാണ് ..
നിമിഷനേരത്തെ ആയുസ്സ്
ഓർക്കുവാൻ സുഖമാണ്
ഒരു തുള്ളി തേൻ പോലും
ബാക്കിയായ് ഇല്ല,,

ആട്ടിയാട്ടി തെറിപ്പിച്ചു
ചിതറിയ ചിറകുകൾ
നോക്കി വ്യസനിച്ചു
ഇനി ഞാനെങ്ങിനെ  പറക്കും 
നീ ഇല്ലായ്മ തീര്ത്ത
വല്ലായ്മയിൽ
ഒന്നുമില്ലായ്മ്മ ആയെന്റെ
ജീവിതം 
1. അസ്തമിച്ചാൽ വീണ്ടും
ഉദിക്കുമായിരിക്കാം..
അന്നു പക്ഷെ മറ്റൊരു
പകൽ ജനിച്ചിരിക്കും..
2. വിറകുകൊള്ളിയായ് തന്നെ
 എരിഞ്ഞടങ്ങുമെന്നറിയാതെ അല്ല..ഒരു തണൽ വൃക്ഷമായ് വിടർന്നു വളർന്നത്..
3.പൂമരം സ്വന്തമാക്കിയത്
ഒറ്റയ്ക്കൊരു ചില്ലയിലിരിക്കുവാൻ അല്ല..
മേഘങ്ങളിലേകുള്ള ദൂരമളന്നതും
ഒറ്റയ്ക്ക് പറക്കുവാൻ ആയിരുനില്ല..
കേൾക്കുന്നില്ലയെന്ന്

നീ പറയുമ്പോഴും

 മിണ്ടാാതിരുന്നില്ല ഞാൻ

ഇടയിലെ സംഭാഷണ

ചരട് മുറിഞ്ഞ് നീ

അകലുമ്പോഴും

ഞാൻ നിശബദമായിരുന്നില്ല..

ഈ നാള് വരെയും

എന്റെ ഉള്ളം
നിന്നോട് മന്ത്രിക്കുന്നു
വറ്റുന്ന കടലിൻ തിരകൾക്ക് മേലെ
പണിയപ്പെടുന്ന കല്ലറകളീ
കവിതകൾ..
അദ്യമില്ലാ അന്ത്യമില്ലാ
ആഴമില്ലാത്ത ആരുടേതെന്നില്ലാത്ത
  മനസ്സാണാ കല്ലറ
ഒരു കണ്ണുകൊണ്ടു ഞാനീ
ലോകത്തെ അളകുന്നു..
തെറ്റുമെന്നറിയാതെ അല്ല..
എനികുള്ള കാഴ്ചയാണെന്റെ
ശരികൾ..
പടരുവാൻ വയ്യെനിക്കു നിൻ
മാറത്തിനിയും പൂത്തുലയുമ്പോൾ
അടർത്തി മാറ്റപ്പെടുവാൻ വയ്യ..
പടരുവാൻ വയ്യ മറ്റേതു ശിരസ്സിലും,
നിന്നിലല്ലാതെ പൂക്കുവാനും വയ്യ..
മറവി എന്നത് ചിലതൊക്കെ
ഓർത്ത് വെയ്ക്കുവാൻ
ഉള്ളതാണല്ലെ..
ഫൗണ്ടൈൻ പേനയാണ്
സൗഹൃദങ്ങൾ..
മഷി നിറയ്ക്കണം
എങ്കിലേ പറ്റൂ...
അവൻ മേഘങ്ങളെ നോക്കി
പുഞ്ചിരിച്ചു..
എന്നാണെന്റെ പ്രണയം
എന്നേ നനയ്ക്കാൻ
പെയ്തിറങ്ങുന്നത്..
പകലിനെ ഇരുട്ടാക്കി
കള്ളകണ്ണിറുക്കുന്ന
നക്ഷത്രകുഞ്ഞാകണം എനിക്ക്...
വെന്ത മാംസത്തിന്റെ ചൂട് കാറ്റ് അന്തരീക്ഷം കീഴടക്കവെ,അവളുടെ സുഗന്ധം പേറിയൊരു തണുത്ത തെന്നൽ ഒന്ന് വന്നെന്റെ കവിളിലിരുന്നു..അതായിരുന്നു..പിറകേ നടന്നപ്പൊഴും..കൂടെ നടന്നപ്പോഴും ഞാൻ കൊതിച്ച അവളുടെ ആദ്യ ചുംബനം...
വല മേഞ്ഞത്
നിന്നെ ഭക്ഷിക്കുവാൻ അല്ല..
സ്വയം രക്ഷിക്കുവാൻ ആയിരുന്നു
നിന്റെ ചലനങ്ങളില്ലായിരുന്നെങ്കിലാരും
കേൾക്കാത്ത വയലിൻ സംഗീതമായേനെ ഞാൻ

ഇന്നലെ ഞാനായിരുന്നിന്നത്
നാമായ്..നാളെ അവനിലേക്കൊ..അവളിലേക്കൊ തിരിഞ്ഞില്ലെങ്കിൽ നമ്മളായ് നിൽകാം..

നിന്റെ ബന്ധനമായിരുന്നെന്റെ
പെണ്ണേ..ഞാനനുഭവിച്ച സ്വാതന്ത്ര്യം..

ഗദ്യത്തിനായ് ഞാൻ വെട്ടിമാറ്റിയ
കവിതാക്ഷരങ്ങൾ
നിന്റെ സ്വപ്നങ്ങളായിരുന്നല്ലേ സഖീ..

യോജിച്ചു പോകുവാൻ
ആകാതെ അല്ല..
നീ ഇരവും ഞാൻ പകലുമായ്
മാറിയിരികുന്നു..

ഓർമ്മകൾ പുഴകളാണ്..
ഒഴുകണമെന്നുണ്ട്..
മതിലുകളില്ലായിരുന്നെങ്കിൽ..

മുല്ലയ്ക്കും ചാന്തിനും
ചന്ദനതിരിക്കും ഇന്നിപ്പോളീ രാവിനും..
നിനക്കും ഒരേ ഗന്ധം
പ്രണയമേ നിന്റെ കൽപ്പടവിൽ
പ്രിയമാമൊരുവൾ കത്തിച്ച ദീപനാളത്തിൻ കാവലാൾ ഇന്ന് ഞാൻ..
എന്റെ വിരലുകൾ താങ്ങായും..
എന്റെ കുളിർ ചൂടേകിയും..
നിന്റെ കല്പടവിലെ
പ്രിയമുള്ളൊരുവൾക്കു
സ്വപ്നങ്ങളുടെ കാവലാളാണിന്ന് ഞാൻ
കുപ്പിവളകളും..
കണ്ണിറുക്കി ചിരിയും
എന്നിൽ കയറുവാൻ കഴിയാഞ്ഞും..
കൊഞ്ചികുഴഞ്ഞു നിൽക്കുമ്പോൾ..
ഒഴിഞ്ഞ കൈക്കും വാടിയ കവിളിനും
മാത്രമറിയുന്നൊരു നൊമ്പരമുണ്ട്..
പുറമറിയാത്ത കണ്ണുനീരും..
പെയ്തിറങ്ങിയ വർഷമോ..
പെയ്യാൻ നിൽകുന്ന മേഘമോ..
അറിയില്ല..
എന്റെ കണ്ണിലാരോ
മഴവില്ല് വരച്ചിരിക്കുന്നു
ഇവിടെ ഒരു മാവുണ്ടായിരുന്നു എന്നു പറഞ്ഞു തരുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു..പിന്നീടവിടം കീഴടക്കിയ നിശബ്ദതയിൽ തീപാളികളുടെ ഗർജ്ജനം കേട്ടു.. വീണ്ടും മൗനം..
1.പൂവിനെ പ്രണയിച്ച
ഇഴയുന്ന പുഴുവിന്റെ
നിറമുള്ള സ്വപ്നങ്ങളാണ്
ചിറകാട്ടി ഉയരുന്ന
പൂമ്പാറ്റകൾ.
മരമറ്റ വേരിന്റെ തരിയറ്റം മതി..
വിദൂരതയിലേക്കെന്റെ
വസന്തത്തെ കൊണ്ടുപോയിടാൻ..
നിനക്കേകാനിറുത്തപ്പോൾ ശപിച്ച പൂക്കളോ സഖീ..
മതം കൊന്ന പ്രണയത്തിൻ
കല്ലറയ്ക്ക് മേലെ..
നമ്മുടെ ചിതയൂറ്റി വളരുന്നു..
തുടങ്ങിയതും..ഇന്നൊടുങ്ങിയതും
എല്ലാമടങ്ങിയൊരൊറ്റ
വാക്കിൽ നിന്നായിരുന്നു..
അറിയില്ല എന്നൊരു തുറന്ന വാക്കിൽ
****†**********************
രാവിന്റെ ദുഖങ്ങളേറ്റു വാങ്ങി
ഒരു നിഴലായ് മണ്ണിൽ നീന്തി..
മറ്റൊരു രാവണഞ്ഞത്
നെഞ്ചിലേറ്റ് വയ്ക്കും വരെ
കൂടുതലുള്ളത് എന്നും
ഒരു
കുറവ് തന്നെയാണ്
തനിച്ചാക്കിയ ആൾകൂട്ടത്തെ
തോൽപ്പിക്കാൻ എനിക്കായ്
ആരോ കരുതിവച്ച കൂട്ടാണ്
ഏകാന്തത..
അമ്മ പോയപ്പോള് ആ വീട്ടിലെ അലക്കുപെട്ടി പോയി..മോപ്പും,ചൂലും,ഇസ്ത്തിരിപെട്ടിയും..എന്നും തുറന്ന് കിടക്കുന്ന പണപെട്ടിയും പോയി..അണയാതെ എരിയുന്ന അടുപ്പില് പുക മാത്രം ബാക്കി..
ദിവസ്സങ്ങള് കഴിഞ്ഞപ്പോള് അടുപ്പ് പുകയാന് തുടങ്ങി.. അച്ഛന് പുതിയൊരലക്ക് പെട്ടി വാങ്ങി.. മോപ്പും, ചൂലും,ഇസ്ത്തിരിപെട്ടിയും,പൂട്ട് വീണ ഒരു പണപെട്ടിയും തിരികെയെത്തി.. പക്ഷെ..
പക്ഷേ..കിടക്കുമ്പോള് കഥപറഞ്ഞുറക്കുന്ന പുതപ്പ് മാത്രം തിരികേ വന്നില്ല.."ഇന്ന് പോണ്ടമ്മേ.." എന്ന വാശിക്കുള്ള കുഞ്ഞ് നുള്ള് തലോടലും..

ഇനിയും പൂക്കുമെങ്കിൽ
നമുക്കൊരേ ചില്ല കണ്ടെത്തണം..
നുള്ളിയും തല്ലിയും
തള്ളിയും തലോടിയും
കാറ്റത്താടിതിമിർത്ത്..
ഇരുട്ട് വീഴുമ്പോഴീ
ഇതളിൽ തലചായ്ച്ചിരുന്ന്
കണ്ണിറുക്കുന്ന നക്ഷത്രചെറുക്കനോടുറക്കെ
പറയണം.."എനിക്കൊരേട്ടനുണ്ട്"
എനിക്കുറക്കെ പാടണം..
എനിക്കെന്റെ ഏട്ടനുണ്ട്"
നിന്റെ ഓർമ്മകൾ കൊണ്ട്
കൊട്ടാരം പണിത് ഞാൻ സഖീ..
എന്നും അതിൽ മുകളിൽ നിന്നും
ചാടി മരിക്കാറുണ്ട്

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...