Sunday, April 3, 2016

പെങ്ങൾ
1.എന്നും ഞങ്ങൾ അടി കൂടി തുടങ്ങാറ് ഞാൻ അവൾടെ മുടി പിടിച്ച് വലിച്ചാണ്.. പിന്നെ അച്ഛനോ അമ്മയോ ഓടി എത്തും വരെ യുദ്ധമായിരിക്കും മുറിയിൽ..
ഇന്നവളെ കണ്ട്..എന്തു ചെയ്യണമെന്നറിയാതെ നിന്നു.. "മോളേ" എന്നുവിളിച്ച് ഓടി ചെല്ലാമായിരുന്നു.. പക്ഷെ ചുവടുകൾ പതുക്കെയാക്കി പൊട്ടിക്കരയാൻ നിൽക്കുന്ന അവൾടെ അരികേ ചെന്നിരുന്നു.. ആദ്യം പുഞ്ചിരിച്ച്..പിന്നെ എവിടെനിന്നോ ഒരു പൊട്ടിച്ചിരി പണിതെടുത്തു.." എടീ ഭയങ്കരീ... ഞാൻ പിടിച്ച് വലിക്കുന്നത് പേടിച്ച് നീ  തല മൊട്ടയടിച്ചല്ലേ.. എതായാലും സ്റ്റൈൽ ആയിട്ടുണ്ട്.."
ഒന്നും മിണ്ടാതെ തിളങ്ങുന്ന തല എന്റെ കൈക്കടുത്ത് വച്ച് അവൾ പറഞ്ഞു.." എന്തു മിനുസ്സമാണല്ലേ ഏട്ടാ..."

2. എന്നും അടിയായിരുന്നെങ്കിലും അവളില്ലെങ്കിൽ വീട് ഉറങ്ങിയത് പോലെയാണ്..
ഭർത്താവിന്റെ കൈപിടിച്ച് കയറിവരുന്നത് കണ്ടപ്പൊ തന്നെ ഞാൻ മുറ്റത്തേക്ക് ഓടി.. അളിയനെ വരവേറ്റു... ആരും കാണാതെ അവൾടെ തലയ്ക്കൊരു മേട്ടം കൊടുത്തപ്പോൾ കൈതട്ടി മാറ്റുകയല്ലാതെ വേറൊന്നും ചെയ്തില്ലവൾ.. അന്നാണ് അമ്മ പറയാറുള്ള ഒരു കാര്യം മനസ്സിലായത്..പറിച്ചു നട്ടാൽ പുതുമണ്ണിൽ വേരു പിടിക്കേണ്ട മരമാണ് പെണ്ണ്... എന്റെ പെങ്ങൾ എന്ന വിലാസ്സം അവൾക്കന്യമായിരിക്കുന്നു...

3.എന്നും അവൾ എന്റെ അടുത്തായിരുന്നു കിടക്കാറ്.. സ്ക്കൂൾ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ്...പാട്ടുപാടിക്കളിച്ചാണ് ഉറങ്ങാറ്.. ഒരു ദിവസ്സം അമ്മയാണ് മുറിയിൽ വന്ന് പറഞ്ഞത്..അവൾ അവൾടെ മുറിയിൽ കിടകട്ടെ എന്ന്... ഒന്നിനെ കുറിച്ചും അറിവില്ലാത്ത അന്ന് അറിഞ്ഞില്ല പിന്നീടുള്ള രാത്രികളിലെല്ലാം എനിക്ക് കുശലം പറഞ്ഞുറക്കാൻ അരികെയവൾ ഉണ്ടാവില്ലെന്ന്... പെങ്ങൾ വളർന്നത് ഒരു നോവായ് തോനുന്നു...

4.എന്റെ  മൊബൈലിലെ അൺറെഡ് മെസ്സേജുകൾ വീണ്ടും അത് ഉറപ്പിച്ചു... അവളില്ല... തുറന്നു നോക്കി കളിയാക്കി,തല്ല് വാങ്ങുവാൻ...അവളിനി ഇല്ല

No comments:

Post a Comment

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...