Thursday, February 18, 2016

പടരുവാൻ വയ്യെനിക്കു നിൻ
മാറത്തിനിയും പൂത്തുലയുമ്പോൾ
അടർത്തി മാറ്റപ്പെടുവാൻ വയ്യ..
പടരുവാൻ വയ്യ മറ്റേതു ശിരസ്സിലും,
നിന്നിലല്ലാതെ പൂക്കുവാനും വയ്യ..
മറവി എന്നത് ചിലതൊക്കെ
ഓർത്ത് വെയ്ക്കുവാൻ
ഉള്ളതാണല്ലെ..
ഫൗണ്ടൈൻ പേനയാണ്
സൗഹൃദങ്ങൾ..
മഷി നിറയ്ക്കണം
എങ്കിലേ പറ്റൂ...
അവൻ മേഘങ്ങളെ നോക്കി
പുഞ്ചിരിച്ചു..
എന്നാണെന്റെ പ്രണയം
എന്നേ നനയ്ക്കാൻ
പെയ്തിറങ്ങുന്നത്..
പകലിനെ ഇരുട്ടാക്കി
കള്ളകണ്ണിറുക്കുന്ന
നക്ഷത്രകുഞ്ഞാകണം എനിക്ക്...
വെന്ത മാംസത്തിന്റെ ചൂട് കാറ്റ് അന്തരീക്ഷം കീഴടക്കവെ,അവളുടെ സുഗന്ധം പേറിയൊരു തണുത്ത തെന്നൽ ഒന്ന് വന്നെന്റെ കവിളിലിരുന്നു..അതായിരുന്നു..പിറകേ നടന്നപ്പൊഴും..കൂടെ നടന്നപ്പോഴും ഞാൻ കൊതിച്ച അവളുടെ ആദ്യ ചുംബനം...
വല മേഞ്ഞത്
നിന്നെ ഭക്ഷിക്കുവാൻ അല്ല..
സ്വയം രക്ഷിക്കുവാൻ ആയിരുന്നു
നിന്റെ ചലനങ്ങളില്ലായിരുന്നെങ്കിലാരും
കേൾക്കാത്ത വയലിൻ സംഗീതമായേനെ ഞാൻ

ഇന്നലെ ഞാനായിരുന്നിന്നത്
നാമായ്..നാളെ അവനിലേക്കൊ..അവളിലേക്കൊ തിരിഞ്ഞില്ലെങ്കിൽ നമ്മളായ് നിൽകാം..

നിന്റെ ബന്ധനമായിരുന്നെന്റെ
പെണ്ണേ..ഞാനനുഭവിച്ച സ്വാതന്ത്ര്യം..

ഗദ്യത്തിനായ് ഞാൻ വെട്ടിമാറ്റിയ
കവിതാക്ഷരങ്ങൾ
നിന്റെ സ്വപ്നങ്ങളായിരുന്നല്ലേ സഖീ..

യോജിച്ചു പോകുവാൻ
ആകാതെ അല്ല..
നീ ഇരവും ഞാൻ പകലുമായ്
മാറിയിരികുന്നു..

ഓർമ്മകൾ പുഴകളാണ്..
ഒഴുകണമെന്നുണ്ട്..
മതിലുകളില്ലായിരുന്നെങ്കിൽ..

മുല്ലയ്ക്കും ചാന്തിനും
ചന്ദനതിരിക്കും ഇന്നിപ്പോളീ രാവിനും..
നിനക്കും ഒരേ ഗന്ധം
പ്രണയമേ നിന്റെ കൽപ്പടവിൽ
പ്രിയമാമൊരുവൾ കത്തിച്ച ദീപനാളത്തിൻ കാവലാൾ ഇന്ന് ഞാൻ..
എന്റെ വിരലുകൾ താങ്ങായും..
എന്റെ കുളിർ ചൂടേകിയും..
നിന്റെ കല്പടവിലെ
പ്രിയമുള്ളൊരുവൾക്കു
സ്വപ്നങ്ങളുടെ കാവലാളാണിന്ന് ഞാൻ
കുപ്പിവളകളും..
കണ്ണിറുക്കി ചിരിയും
എന്നിൽ കയറുവാൻ കഴിയാഞ്ഞും..
കൊഞ്ചികുഴഞ്ഞു നിൽക്കുമ്പോൾ..
ഒഴിഞ്ഞ കൈക്കും വാടിയ കവിളിനും
മാത്രമറിയുന്നൊരു നൊമ്പരമുണ്ട്..
പുറമറിയാത്ത കണ്ണുനീരും..
പെയ്തിറങ്ങിയ വർഷമോ..
പെയ്യാൻ നിൽകുന്ന മേഘമോ..
അറിയില്ല..
എന്റെ കണ്ണിലാരോ
മഴവില്ല് വരച്ചിരിക്കുന്നു
ഇവിടെ ഒരു മാവുണ്ടായിരുന്നു എന്നു പറഞ്ഞു തരുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു..പിന്നീടവിടം കീഴടക്കിയ നിശബ്ദതയിൽ തീപാളികളുടെ ഗർജ്ജനം കേട്ടു.. വീണ്ടും മൗനം..
1.പൂവിനെ പ്രണയിച്ച
ഇഴയുന്ന പുഴുവിന്റെ
നിറമുള്ള സ്വപ്നങ്ങളാണ്
ചിറകാട്ടി ഉയരുന്ന
പൂമ്പാറ്റകൾ.
മരമറ്റ വേരിന്റെ തരിയറ്റം മതി..
വിദൂരതയിലേക്കെന്റെ
വസന്തത്തെ കൊണ്ടുപോയിടാൻ..
നിനക്കേകാനിറുത്തപ്പോൾ ശപിച്ച പൂക്കളോ സഖീ..
മതം കൊന്ന പ്രണയത്തിൻ
കല്ലറയ്ക്ക് മേലെ..
നമ്മുടെ ചിതയൂറ്റി വളരുന്നു..
തുടങ്ങിയതും..ഇന്നൊടുങ്ങിയതും
എല്ലാമടങ്ങിയൊരൊറ്റ
വാക്കിൽ നിന്നായിരുന്നു..
അറിയില്ല എന്നൊരു തുറന്ന വാക്കിൽ
****†**********************
രാവിന്റെ ദുഖങ്ങളേറ്റു വാങ്ങി
ഒരു നിഴലായ് മണ്ണിൽ നീന്തി..
മറ്റൊരു രാവണഞ്ഞത്
നെഞ്ചിലേറ്റ് വയ്ക്കും വരെ
കൂടുതലുള്ളത് എന്നും
ഒരു
കുറവ് തന്നെയാണ്
തനിച്ചാക്കിയ ആൾകൂട്ടത്തെ
തോൽപ്പിക്കാൻ എനിക്കായ്
ആരോ കരുതിവച്ച കൂട്ടാണ്
ഏകാന്തത..
അമ്മ പോയപ്പോള് ആ വീട്ടിലെ അലക്കുപെട്ടി പോയി..മോപ്പും,ചൂലും,ഇസ്ത്തിരിപെട്ടിയും..എന്നും തുറന്ന് കിടക്കുന്ന പണപെട്ടിയും പോയി..അണയാതെ എരിയുന്ന അടുപ്പില് പുക മാത്രം ബാക്കി..
ദിവസ്സങ്ങള് കഴിഞ്ഞപ്പോള് അടുപ്പ് പുകയാന് തുടങ്ങി.. അച്ഛന് പുതിയൊരലക്ക് പെട്ടി വാങ്ങി.. മോപ്പും, ചൂലും,ഇസ്ത്തിരിപെട്ടിയും,പൂട്ട് വീണ ഒരു പണപെട്ടിയും തിരികെയെത്തി.. പക്ഷെ..
പക്ഷേ..കിടക്കുമ്പോള് കഥപറഞ്ഞുറക്കുന്ന പുതപ്പ് മാത്രം തിരികേ വന്നില്ല.."ഇന്ന് പോണ്ടമ്മേ.." എന്ന വാശിക്കുള്ള കുഞ്ഞ് നുള്ള് തലോടലും..

Did you hear a knock ? On a busy road Lonely in a closed room Inside a Uber cab Outside my home I could hear a knock. Or was i...