മുറിവാണ് പ്രണയം
ആഴം കൂടുമ്പോൾ
നീറ്റലേറുന്ന..
പഴുത്തുപോകുന്ന
നോവാണ്
പ്രണയം..
നീയല്ല ഞാനല്ല പ്രണയം
നാമാണ്
അക്ഷരങ്ങൽ കുമിഞ്ഞ്കൂടി
കിടക്കുന്ന..
നിശബ്ദത മൂടിയ
മുറിയാണിന്നു
നമ്മൾ..
നാളെയീ ലോകം നിന്നെ
വിളിച്ചുണർത്തും..
അപ്പോൾ ഞാൻ
ഉറക്കത്തിലായിരികും..
വിളിക്കുവാൻ ആരും
ഇല്ലാതെയോ..
ആരു വിളിച്ചാലും
ഉണരാതെയോ..
നാളെയീ ലോകം
നിന്നെ വിളിച്ചുണർത്തുമ്പോൽ
വിളിക്കുവാൻ ഞാനില്ലയെന്ന്
നീ അറിയുമ്പൊഴേക്കും..
ഞാൻ നല്ല ഉറക്കത്തിൽ
ആയിരിക്കും..
അവളിൽ പൂക്കാറുള്ള
വസന്തവും ചുവപ്പായിരുന്നു
കണ്ണകിയാണ് ഞാൻ
തീയാണെന്നിലെ പ്രണയം
കണ്ണകിയാണ് ഞാൻ..
പങ്കുവയ്ക്കപെട്ടതറിഞ്ഞും
പ്രണയം മാറോട് ചേർത്തവൾ
പിന്നെയും പിന്നെയും
ചുവന്നു പെയ്യുന്നു
മെയ്മാസം..
വസന്തം തനിക്കുള്ളതല്ലെന്ന്
അറിഞ്ഞതിൻ
പ്രതികാരം
രണ്ടു തീരങ്ങൾ കൂട്ടി മുട്ടിക്കാൻ
ഓടികിതയ്ക്കുന്നു
പുഴ.
നമുക്കിടയിലെ പുഴയാരോ
കുടിച്ച് വറ്റിച്ചു.
വാകപൂക്കുന്ന കാലത്തു
നമുക്കവിടെ ചെല്ലണം.
ചുവന്ന മഴയിൽ കുതിർന്നു നിൽകുമ്പോൾ
പറയാൻ ബാക്കിവച്ചതു മനസ്സിൽ നിറയും.
കളിതമാശകളെല്ലാം പങ്കുവച്ച് പിരിയുമ്പോൾ
പതുക്കെ പറയണം..
"അതിലേറ്റവും വലിയ തമാശ..
നിന്നെ ഞാൻ പ്രണയിച്ചിരുന്നു
എന്നതാണ് "
ചിതലാണിന്നു ചിന്തകൾ..
പഴകിയതിനോട് പ്രിയമേറയുള്ള
ചിതലുകൾ
ചിറകുകൾക്കുള്ളിൽ ഒതുങ്ങണമെന്ന് ലോകം പറഞ്ഞപ്പോൾ അവർ തലയാട്ടി.. അവൾ മാത്രം നിവർന്ന് നിന്നു .. "പക്ഷെ ചിറകുകളുടെ നീളം കൂട്ടിത്തരണം .." തന്റേടി എന്നവർ വിളിച്ചപ്പൊ അവൾ തന്റെ ചിറകിന്റെ നീലമളന്നു നീന്തുകയായിരുന്നു..
"ഞാൻ തുഴഞ്ഞു വിടുന്ന പുഴയുണ്ട് പെണ്ണേ നിനക്കെന്നു" പാടി പടിയിറങ്ങിയവൻ ....പുഴയില്ലാ മണലില്ലാ തീരത്ത് വിങ്ങി നിന്നു ..
"എന്റെ കരളും നിനക്ക്...എന്റെ ജീവനും നിനക്ക്.." മധുരമായിരുന്നു പ്രണയം .... അവൾ പോയി.. കരളും...പിന്നെ ജീവനും....
ഭ്രാന്തിന്റെ തിരമാലകൾ
ആഞ്ഞടിക്കുമ്പോൾ..
കണ്ണിലെ തിര ആവിയായി
തീർന്നടങ്ങുമ്പോൾ..
ഉള്ളിൽ എരിയുന്ന അഗ്നിയിൽ
ചാടി ചാരമായ് തീരുന്നു
സ്വപ്നങ്ങളെല്ലാം..
നീയുമൊരു സ്വപ്നമായിരുന്നെങ്കിൽ..
സ്വപ്നമായിരുന്നുവല്ലോ..
നിറമുള്ള..നോവുന്ന..
സുഖമുള്ള..ഭ്രാന്തമായ വീശുന്ന
ഭ്രാന്തിയായ് തീർക്കുന്ന സ്വപ്നം..
നീയുമൊരു സ്വപ്നമായിരുന്നല്ലോ
ഒരു ഭ്രാന്തന്റെ സ്വപ്നം..
ഭ്രാന്തന്റെ ചിന്തകളോളം
നോവില്ല..
ഒരു ചങ്ങലപ്പൂട്ടും
കടലറിയാതെ പോകരുത്
എനിക്കിഷ്ടം തീരത്തോടാണ്
നീ ഇല്ലാ
എന്നതിലും നോവാണ്
നിന്നിൽ ഞാനില്ല
എന്നത്
നാമെന്നത് അത്ര
സുഖമുള്ളതായിരുന്നില്ല
എവിടെയാണെങ്കിലും
നീ സുഖമായിരിക്കുക
ചേർത്ത് വയ്ക്കുമ്പോൾ
ചേർന്ന് നിൽക്കുന്ന
കടലാസ്സ്‌തുണ്ടിലെ കവിതയല്ല..
അടർന്നു വീഴാത്ത ഒരൊറ്റ
വാക്കായ് നിൽക്കണം..
നമ്മിൽ പടർന്ന ചില്ലകൾ
കാണാതെ..
കൂടുതേടി അലയുന്ന
കിളികളാണ് നാം
കാത്തിരിക്കാം..
അവിടെ നീ എത്തും വരെ..
ഒരു ഹൃദയമിടിപ്പ് കൊണ്ടുപോലും
ശബ്ദമുണ്ടാക്കാതെ അന്ന് ഞാൻ
പറയും..
പ്രണയത്തിന്റെ നിറം
ചുവപ്പല്ലായിരുന്നു..
കണ്ണുനീരായിരുന്നു എന്നിലെ പ്രണയം..
അവിടെ നീ എത്തുന്നനാൾ വരെ..
മുല്ലയുടെയും ചന്ദനത്തിന്റെയും
ഗന്ധമില്ലാത്ത..എനിക്ക് പോലും
ശബ്ദമില്ലാത്ത..
ചിത്രങ്ങളില്ലാത്ത വർണങ്ങളില്ലാത്ത..
നിനക്കിഷ്ടമല്ലാത്തതൊന്നുമില്ലാ ത്ത
ലോകത്തെ തേടിയലയുകയാകും
ഞാൻ..
നീ വരുന്ന നാളും കാത്ത്...
ആ ലോകത്ത് തനിയേ...
തനിയേ ഞാൻ.....
കുത്തിവരയാവുന്ന
കീറി എടുക്കാവുന്ന
പുസ്തകപേജാണു
ഞാൻ..
അതിലുള്ളൊരൊറ്റ വരി
കവിതയാണു നീ..
വേനലിൽ വറ്റിയ നീർചാലുകളിലൊന്ന്
നിന്റെ മനസ്സായിരുന്നല്ലേ..
എനിക്കിപ്പോൾ വർഷമാണ്,
എന്റെ കണ്ണുകളിൽ..
ഈ കാറ്റും കാറ്റാടികളും
ഇലകളും പൂക്കളും..
മണ്ണും ഗന്ധവും
നിന്റെ കൈക്കുള്ളിലെന്റെ
കൈ ചേർത്താസ്വദിക്കണം..
കാറ്റുപോലും നമുക്കായി
പിന്മാറുന്ന നിശബ്ദതയിൽ
എനിക്കെന്റെ പ്രണയം
നിന്റെ കാതിൽ പറയണം..
നിന്റെ മധുരമെന്റെ
നാവിൽ തൊടുമ്പോൾ
എന്റെ കണ്പോളകൾ
നിന്റെ കവിളിൽ
നിർത്തമാടണം
നിന്റെ വിയർപ്പിൻ തുള്ളികൾ
എന്റെ അഗ്നിയിൽ
വെറും ഗന്ധമായ തീരുമ്പോൾ
അതു ഹാരമാക്കി
നിന്റെ ശിരസ്സിനൊപ്പം
എനിക്ക് മാറിൽ ചൂടണം..
നീ മടിയിൽ കിടക്കുമ്പോൾ
മുടിതലോടി..
ചുണ്ടുകൾ നിൻ കാതിലടുപ്പിച്ച്
ഇക്കിളികൂട്ടണം..
എന്റെ പ്രണയം
അനശ്വരതയിലേക്ക് നടക്കുമ്പോൾ
എന്റെ കൈ..നിന്റെ കരങ്ങൾക്കിടയിൽ
മോചനമില്ലാതെ പിടയണം.
ആയിരം കൊല്ലമിനിയും
എനിക്ക് നിന്നിലൊന്നായ്
തീരണം..
മൗനം പണിതെടുത്ത വാക്കുകളിൽ പോലും ആരുമറിയാതെ ആരോ ഒളിഞ്ഞ് കിടക്കുന്നപോലെ. ശബ്ദങ്ങൾ പോലും ആ പേര് വിളിച്ച് പറയുമോ എന്ന ഭയത്തിൽ ഉറങ്ങാതെ കിടന്ന രാത്രികൾ..മനസിലെന്നും ഒരു ഉണർത്ത് പാട്ട്... കലങ്ങിയ കണ്ണിൽ ആരുമാറിയാത്ത കണ്ണീർച്ചാലുകൾ.. പറന്നകലുന്ന പക്ഷിക്കറിയില്ലല്ലോ.. ചില്ലയ്ക്കതിനോട് എത്ര ഇഷ്ടമുണ്ടായിരുന്നെന്ന്. എഴുതിയാൽ തീരാത്ത സങ്കടങ്ങൾ ഇല്ലെന്നാണ്..എഴുതി മായേണ്ടതല്ലായിരുന്നു പ്രിയമേറിയ ആ സങ്കടം. കൂടിവന്ന എഴുത്തുകളെ നെഞ്ചിൽതന്നെ മായച്ചില്ലാതാക്കി, മൗനമെന്ന കുപ്പായമണിഞ്ഞു. പക്ഷെ ആ മൗനവും ഒരേ പേര് വിളിച്ച് പറയുന്നു...
കളിയാട്ടമാണുള്ളില്..
തോറ്റമാടി ഉറയുന്നോർമ്മകൾ
ചെണ്ടതൻ താളത്തിൽ ചിന്തകളും
മുഖം പാതിയെഴുതിയൊരു തെയ്യം
ഉള്ളിലെകനലിൽ ചെന്നുവീഴുമ്പോൾ
പിറകേ ഓടുന്ന കോമരമായ് മനം..
കളിയാട്ടമാണിന്നുള്ളിൽ
നടന്ന വഴികളിലും,
പടർന്ന ചിന്തകളിലും
അവനുണ്ടായിരുന്നു..
ഓർമ്മകളായോ,
ചിലപ്പോളൊരു തേങ്ങലായോ..
പറയാൻ ഞാൻ മടിച്ച
വാക്കുകൾ ചിലത്
വേരുകളായ് പിടിച്ച് നിർത്തുമ്പോൾ,
കഠാരയാകാറുണ്ട് ചിലപ്പോൾ
അവനെന്ന വേർപ്പാട്..
എങ്കിലും, നടന്ന വഴികളെല്ലാം
അവനായിരുന്നു
പേപിടിച്ച് പേനയിൽ
നിന്നൊഴുകുന്ന
നുരയും പതയുമീ
അക്ഷരങ്ങൾ..
വെടിയുതിർത്ത് തീർത്താലും
പിടിതരാതെ പടരുമത്.
കൂട്ടി വച്ച സ്നേഹം
മുഴുവൻ
ഒരാൾക്ക് ഘടുക്കളായ്
കടം കൊടുക്കണം..
കടവും പലിശയും
കൂട്ട് പലിശയുമായ്
കൂട്ടി കൂട്ടി ഒരുനാൾ
എഴുതിതള്ളുമ്പോൾ
നെടുവീർപ്പിടണം..
"ധനികന്റെ പെട്ടിയിലെ
ഒരു നാണയതുണ്ടായെങ്കിലും
മാറിയല്ലോ.."
കാലത്തിനെത്ര കൈകളുണ്ട് ?
അതെന്നെയും നിന്നെയും
മാരോടടക്കി പിടിച്ചിരിപ്പൂ..
കാലം തെറ്റിയ മഴയായ്
എന്നിൽനിന്നൊരു പ്രണയം
അലിഞ്ഞൊഴുകവേ..
അതിനെയും വാരി പുണരുന്നുണ്ട്
കാലം..
കടലുകാണാൻ തീരം തേടി
നടന്നൊരു പെണ്ണുണ്ടായിരുന്നു..
ഇന്നും തീരംതേടി അലയുന്നുണ്ട്
അവളിലൊരുൾകടൽ..
ഇന്ന് മഴപെയ്തിറങ്ങിയില്ല..
മേഘങ്ങളുറങ്ങിപ്പോയി..
ആ ഉറക്കത്തിൽ ആകാശത്തോട്
ചേർന്നങ്ങ് ഇല്ലാതെയായി..
മേഘങ്ങളെന്താ ഓർമ്മകൾ ആണോ ?
ഒരുറക്കം ഉണരുമ്പോഴേക്കും
ചിലരിൽ ഇല്ലാതാകുമ്പോൽ..
ഇന്നലെ സന്ധ്യയോളം
നോക്കിയിരുന്ന പുഴ
ഇന്ന് പകലിലേക്കില്ലാതായത്
പോലെയായിരുന്നു
നീ പോയതും..
നീ ഉണ്ടായിരുന്നെന്ന
വിശ്വാസത്തിന്റെ
ചെറു നനവുപോലും
തുടച്ച് കളഞ്ഞുകൊണ്ട്
മരണാനന്തരം എന്നെ കുഴിച്ച്ചിടുക..
ജീവിച്ചിരികെ അനേക്കമായിരം
തവണകൾ
എൻറെ ചിത എരിഞ്ഞതാണ്..
ഇരുട്ടിൽ വെള്ളയാകാൻ
കഴിയുമെങ്കിൽ
എനിക്ക് നിഴലിനെ
വിശ്വാസമാണ്..
തിരികെ ഒഴുകാൻ
പുഴയ്ക്കാവതില്ല..
കടലെത്ര ക്ഷോഭിക്കിലും..
ഉത്തരാർത്ഥികൾക്കെല്ലാം
ഒരുപോലെ തെറ്റിയ
"ചേരുംപടി-ചേർക്കുക"യാണ്
നമ്മൾ..
ഉത്തരങ്ങളിൽ നിറഞ്ഞാലും
തെറ്റ് ശരിയാക്കില്ലല്ലോ..
യാത്ര പറയാതെ പോകുന്നവരാണ്
മിക്കതും..
എങ്കിലും ചിലരുണ്ട്..
ശരീരമരികെ വച്ച്
യാത്ര പോകുന്നത്..
ആ യാത്രകളെയാണ് എനിക്ക് ഭയം..!!
പുഴ വറ്റാൻ നോറ്റിരുന്നിട്ടുണ്ട്..
പണ്ടെങ്ങോ മുങ്ങിത്താണ
സ്വപ്നങ്ങൾ പെറുക്കി എടുക്കാൻ..
പക്ഷെ ഇപ്പോഴാനറിഞ്ഞത്..
വറ്റിയെന്ന് കരുതിയ പുഴ
മറ്റെവിടേക്കോ ഒഴുകിയതാണെന്ന്
അടർന്നു വീണിടത്ത്
തിരികെ ചേർക്കുമെന്ന
കണ്ണു പൊട്ടുന്ന കള്ളമാണ്
കാലം
കവിളിൽ പെയ്ത കനലിന്റെ
ഞാൻ മാത്രമറിയുന്ന
പേരാണ് നീ..