മറവി
കുട്ടികാലത്ത് ഓർത്തു വയ്ക്കാൻ ഏറ്റവും പ്രയാസം 9ന്റെ ഗുണനപട്ടികയായിരുന്നു..പിന്നെയത് ചരിത്ര പ്രധാന ദിനങ്ങൾ ആയി..പിന്നീട് ജീവജാലങ്ങളുടെ ശാസ്ത്രനാമങ്ങൾ ആയി.. ചോദ്യങ്ങളുടെ മുന്നില് പകച്ചു നിൽക്കുമ്പോൾ ഒരു ചൂരലിന്റെ കയ്പ്പ് ദേഹത്ത് വന്ന് വീഴാറുണ്ടായിരുന്നു .. അത് അറിയാവുന്നത് കൊണ്ട് മുട്ടുകൾ കൂട്ടി ഇടിക്കാറുള്ള പോലെ...അയാളുടെ മുട്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങി..ഒരു വേദന പെട്ടന്ന് കൈകളില വന്നു വീണു...(ചൂരലിന്റേത് പോലെ ഒന്ന്...) ആ പെണ്‍ കരങ്ങൾ അയാളെ മുറുക്കെ പിടിച്ചു..ഒന്നും പറയാതെ പകച്ചു നിന്നപ്പോൾ,ചോദ്യകർത്താവ് ആവർത്തിച്ചു.."ഓർത്ത് പറയു ..താങ്കളുടെ പേര് എന്താ ?" ചൂരലുകൾ വന്നു വീഴാൻ ഇല്ലാഞ്ഞിട്ടും അയാൾ ഭയന്ന് വിറച്ച് ഇരുന്നു...